ഹൃദയമിടിപ്പ്‌

എപ്പിസോഡ്: 1

Featured image

അവളുടെ ഒരേയൊരാഗ്രഹം അവനെ കാണുക എന്നത് മാത്രമായിരുന്നു. പക്ഷെ പ്രതീക്ഷികാത്താത് പലതും സംഭവിച്ചു. തടസ്സങ്ങളുടെ നൂലാമാലയിൽ പെട്ട് പലപ്പോഴും യാത്ര ബഫറിംഗ് മോഡിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഉപ്പയോട് വഴക്കിട്ട് മുംബൈയിലേക്ക് നാട് വിട്ടതാണവൻ. ഹിന്ദി ഭാഷയുടെ കാര്യത്തിൽ തീർത്തും ബധിരനും മൂഖനുമായിരുന്നു. ഒരക്ഷരം പറയാനോ കേട്ട് മനസ്സിലാക്കാനോ കഴിയുമായിരുന്നില്ല. ഇന്ന് അവളും ആ അവസ്ഥയിലാണ് ബധിരയും മൂകയുമാണ്. ഹിന്ദി അറിയില്ല. കോടികളുടെ കഥപറയുന്ന, വിജയത്തിന്റെയും ഒപ്പം തോൽവിയുടെയും കഥ ഒരുപോലെ പറയുന്ന, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കഥകൾ കുന്നുകൂടിയ മുബൈയുടെ മണ്ണിലേക്കാണ് യാത്ര ചെയ്യുന്നത്. ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾ മനസ്സാകുന്ന പരീക്ഷാഹാളിൽ മിന്നി മറിഞ്ഞു. ഈ പരീക്ഷയിൽ പൂജ്യം മറക്കാണ് ലഭിച്ചത്. ചോദിച്ച എല്ലാ ചോദ്യവും അവനെയും മുംബൈയെ കുറിച്ചുമുള്ളതായിരുന്നു. ഒന്നിനു പോലും ഉത്തരം കണ്ടെത്താൻ അവൾക്ക് ആവുന്നില്ല.

ആദ്യത്തെ ചോദ്യം എവിടെ ട്രെയിൻ ഇറങ്ങണം എന്നതാണ്. ഈ ചോദ്യം പലപ്പോഴായി യാത്രക്കിടയിൽ തികട്ടി വന്നെങ്കിലും തീവണ്ടിയുടെ കടകട ശബ്ദത്തിൽ അലിഞ്ഞുപോയി. അവസാനം അവൾ അത് തിരിച്ചറിഞ്ഞു. മുബൈയിലെ ഒരു സ്ഥലത്തിന്റെ പോലും പേരറിയാത്ത എന്റെ തലച്ചോറ് എന്നെ സഹായിക്കില്ല എന്ന സത്യം തിരിച്ചറിഞ്ഞു. ഒരേ ഒരു വഴിമാത്രം. സഹായിക്കാൻ പറ്റുന്ന ഒരാളോട് എല്ലാം തുറന്ന് പറയണം. കണ്ണുകൾ ഒരാളെ തിരയുകയാണ്.

ട്രിവാൻഡ്രം സെന്ററിൽ നിന്നും രാവിലെ 9.15 ന് യാത്ര തിരിച്ച് രണ്ടാം ദിവസം വൈകിട്ട് 5.05 ന് എൽ ടി ടിയിൽ എത്തുന്ന മുംബൈ മലയാളികളുടെ സ്വന്തം തീവണ്ടി, 16346 നേത്രവതി എക്സ്പ്രസ്സ്‌ കുതിച്ചും കിതച്ചും ഓടിക്കൊണ്ടിരിക്കുകയാണ്. ജനറൽ കമ്പാർട്ട് മെന്റ് നിറഞ്ഞും ഒഴിഞ്ഞും ചിലപ്പോൾ നിറഞ്ഞു മറിഞ്ഞും കൊണ്ടിരിക്കുന്നു. പല പല മുഖങ്ങളിലും കണ്ണുകൾ പതിഞ്ഞു. ആരോട് പറയും.

ഹിന്ദി അറിയാത്ത, മുംബൈ ഇത് വരെ കണ്ടിട്ടില്ലാത്ത, പോവേണ്ട സ്ഥലമോ ഇറങ്ങേണ്ട സ്ഥലമോ കൃത്യമായി അറിയാത്ത ഒരു പെൺ കുട്ടി, അന്യ ദേശക്കാരായ ആണുങ്ങൾ തിങ്ങി നിറഞ്ഞ ഈ ജനറൽ കമ്പാർട്ട്മെന്റിൽ തന്റെ കഥ പറയാൻ ഒരാളെ തിരയുകയാണ്. കഥ കേൾക്കുന്നവർ സഹായിക്കുക മാത്രം ചെയ്യണം. അവർക്ക്‌ വേറെ ലക്ഷ്യങ്ങൾ ഉണ്ടാവാൻ പാടില്ല. (തുടരും)

1 thought on “ഹൃദയമിടിപ്പ്‌”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top